അമേരിക്കൻ പ്രസിഡന്റിന് എത്രയാണ് ശമ്പളം മറ്റാനുകൂല്യങ്ങൾ
നാല് വർഷത്തിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എത്രയാണ് ശമ്പളം ലഭിക്കുക? ശതകോടീശ്വനായ ട്രംപ് വർഷം 1 ഡോളർ മാത്രം ശമ്പളം പറ്റിയാണ് കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നത്. ഇത്തവണയും അതേ രീതി തന്നെ തുടരുമോയെന്ന് കാത്തിരുന്നു കാണാം. കഴിഞ്ഞ 20 വർഷത്തിലേറെയായി അമേരിക്കൻ പ്രസിഡന്റുമാരുടെ ശമ്പളം മാറ്റമില്ലാതെ തുടരുന്നതിനാൽ, ഡോണൾഡ് ട്രംപിന് പ്രതിവർഷം 400,000 ഡോളർ ലഭിക്കും. എന്നാൽ ഈ തുക അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളം അല്ല. സ്വകാര്യമേഖലയിലെ സിഇഒമാർ ഇതിൽ കൂടുതൽ ശമ്പളം ഒരു വർഷം നേടുന്നുണ്ട്.
50,000 ഡോളർ നികുതി ഇല്ലാതെ ചെലവാക്കാവുന്ന തുക, 100,000 ഡോളർ യാത്രാ ബജറ്റ്, ഔദ്യോഗിക വിനോദത്തിനായി 19,000 ഡോളർ എന്നിവ ഉൾപ്പടെ ചില അധിക ആനുകൂല്യങ്ങളും അമേരിക്കൻ പ്രസിഡന്റിന് ലഭിക്കും. താമസിക്കാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ വൈറ്റ് ഹൗസും അദ്ദേഹത്തിന് ലഭിക്കും.
1969 ൽ അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പളം 200,000 ഡോളർ ആയിരുന്നു. 2001-ലാണ് അത് ഇരട്ടിയാക്കിയത്.
പ്രസിഡന്റുമാർ വിരമിച്ചാലും അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മിക്ക മുൻ പ്രസിഡന്റുമാരും ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോകുന്ന ‘ഓർമ്മക്കുറിപ്പുകൾ’ എഴുതിയിട്ടുണ്ട്. അതിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വേറെയും ലഭിക്കും.