വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മിഷൻ
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷന്റെ നീക്കം.
2024-25 വർഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷൻ തയാറെടുക്കുന്നത്. കെഎസ്ഇബി നിരക്കു വർധന ശുപാർശ ചെയ്തതിനുശേഷം വിവിധ ജില്ലകളിൽ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷൻ അന്തിമ താരിഫ് നിർണയിച്ചിരിക്കുന്നത്. ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്കു വർധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. 2022 ജൂൺ 26നും 2023 നവംബർ 1നുമാണ് നിരക്ക് വർധന നടപ്പാക്കിയത്. 0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎൽ വിഭാഗത്തെ വർധനവിൽനിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകൾ രണ്ടു തവണയായി 10 പൈസ മുതൽ 90 പൈസ വരെ വർധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വർധനയ്ക്കുള്ള ശുപാർശ നടപ്പാക്കാൻ പോകുന്നത്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 0-50 യൂണിറ്റിന് 3.15രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 3.25 രൂപയാണ്. ഇത് 2024- 25ൽ 3.35 ആയും അടുത്ത വർഷം 3.50 രൂപയായും വർധിപ്പിക്കണമെന്നാണു ശുപാർശ.