‘വയനാട് ഉരുൾപൊട്ടൽ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തണം

‘വയനാട് ഉരുൾപൊട്ടൽ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തണം

വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ടും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നൽകുന്ന വാർഷിക വിഹിതമല്ലാതെ കേന്ദ്രം അധിക സഹായമൊന്നും നൽകിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ. വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നും ഉരുൾപൊട്ടലിനെ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ 291.2 കോടി രൂപ ധനസഹായം നൽകിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള വാർഷിക വിഹിതമാണിത്. ഇതിനൊപ്പം കഴിഞ്ഞ വർഷത്തെ ഫണ്ടിന്റെ ചെലവഴിക്കാത്ത തുക കൂടി ചേർത്ത് 782.99 കോടി രൂപ ഉണ്ടെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിനുള്ള മറുപടിയിൽ സംസ്ഥാനം ചൂണ്ടിക്കാട്ടി. 251 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിൽ ഒരു വിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്നതാണ് തങ്ങൾ പറയുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി.

മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും കേന്ദ്രത്തിനു മുൻപാകെ വച്ചിട്ടുള്ളത്. അതിന്മേൽ ഇതുവരെ തീരുമാനമായിട്ടില്ല. വയനാട്ടിലുണ്ടായ ദുരന്തത്തെ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ആദ്യ ആവശ്യം. ഇങ്ങനെയായാൽ ദുരന്തമേഖലകളുടെ പുനർനിർമാണത്തിന് ആഗോള തലത്തിൽ നിന്നു പോലും ഫണ്ട് കണ്ടെത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. ദുരന്തത്തിന് ഇരയായവരുടെ വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പ ഉൾപ്പെടെയുള്ളവ എഴുതിത്തള്ളുന്ന കാര്യം ദേശീയ ദുരന്ത നിവാരണ അതോറിറ്റി പരിഗണിക്കണം എന്നതായിരുന്നു മറ്റൊന്ന്.
എത്രയും വേഗം അധിക ദുരിതാശ്വാസ സഹായം നൽകിയാൽ മാത്രമേ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയൂ എന്നതാണ് മൂന്നാമത്തേത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ 782.99 കോടി രൂപയുണ്ട് എന്നത് ശരിയാണ്. എന്നാൽ അത് വയനാട് ദുരന്തത്തെ മാത്രം നേരിടാനുള്ളതല്ല. ഓരോ വർഷവും നൂറുകണക്കിന് കോടി രൂപയുടെ ഫണ്ട് ഇതിൽ നിന്ന് ചെലവഴിക്കാറുണ്ട്. ഈ ഫണ്ട് ഓരോ വർഷവും പാഴായിപ്പോകുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ അതിൽ ഇത്രയും തുക ഉണ്ട് എന്നത് അസ്വാഭാവികമല്ല, മറിച്ച് അനുവദനീയമാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അധികമായി തുക എത്രയും പെട്ടെന്ന് അനുവദിച്ചാൽ മാത്രമേ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയൂ എന്നും സംസ്ഥാനം വ്യക്തമാക്കി. 
അധിക ധനസഹായം അനുവദിക്കണമെങ്കിൽ കേന്ദ്ര സംഘം പിഡിഎൻഎയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പരിശോധിക്കണമെന്നും ഇത് കേരളം സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രം കഴിഞ്ഞ തവണ നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

Hrithwik

Leave a Reply

Your email address will not be published. Required fields are marked *