ഇന്ത്യയിൽ ടെലിഗ്രാം നിരോധിച്ചാല്‍ പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍….
ടെലിഗ്രാമിന്റെ മേധാവി ഫ്രാന്‍സില്‍ അറസ്റ്റിലായതോടുകൂടി, ഇന്ത്യയില്‍ ഈ ആപ്പിലൂടെ നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചില നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. ഇന്ത്യന്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (14സി) ആയിരിക്കും അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുക.
പല തട്ടിപ്പുകള്‍ക്കും, വാതുവയ്പ്പിനും ടെലിഗ്രാം താവളമൊരുക്കുന്നു എന്നതടക്കമാണ് ആരോപണങ്ങള്‍. ആഭ്യന്തര വകുപ്പും, ഐടി മന്ത്രാലയവും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഇതോടെ, ടെലിഗ്രാമിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനം നിരോധിക്കപ്പെടുമോ എന്ന ഭീതി ശക്തമായിരിക്കുകയാണ് .
കുറ്റകരമായ എന്തെങ്കിലും പ്രവര്‍ത്തനം വെളിച്ചത്തുവന്നാല്‍ ആപ് നിരോധിക്കുമെന്നു തന്നെയാണ് വിദഗ്ധരും പറയുന്നത്. ടെലിഗ്രാം നിരോധിക്കപ്പെട്ടാല്‍ പിന്നെ എങ്ങോട്ടു ചേക്കേറും എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ മൂന്ന് ആപ്പുകള്‍:
∙വിട്ടുവീഴ്ചയില്ലാത്ത സ്വകാര്യതയാണ് വേണ്ടതെങ്കില്‍ കൂടുതല്‍ അന്വേഷിക്കേണ്ട, സിഗ്നല്‍ ആപ്പ് തന്നെയാണ് ഉത്തമം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഓപ്പണ്‍-സോഴ്‌സ് കോഡ്‌ബെയ്‌സ് തുടങ്ങിയവ ഉള്ളഈ ആപ്പ് സന്ദേശക്കൈമാറ്റത്തില്‍ സ്വകാര്യത ഉറപ്പാക്കും.
ഡിസപിയറിങ് മെസേജസ്, സുരക്ഷിതമായ വോയിസ്, വിഡിയോ കോള്‍സ് തുടങ്ങിയവയും ലഭ്യം. കടുത്ത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതു കൊണ്ടു തന്നെ വാട്‌സാപിലും മറ്റും കണ്ടു പഴകിയ പല ആകര്‍ഷകങ്ങളായ ഫീച്ചറുകളും സിഗ്നലില്‍ ഉണ്ടാവില്ല. രണ്ടു മെസേജുകള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ പോലും അനുവദിക്കില്ല. പക്ഷെ, സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മികച്ചത് എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
∙മൈക്രോസോഫ്റ്റ് ടീംസ്:പിസിയില്‍ അടക്കം ഉപയോഗിക്കാവുന്ന ടീംസിനു ചുറ്റുമായി പല ഫീച്ചറുകളും മൈക്രോസോഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ് ടീംസ് പ്ലേ ടുഗതര്‍, മൈക്രോസോഫ്റ്റ് 365 സൂട്ട്, വിഡിയോ കോണ്‍ഫറന്‍സിങ്, റിയല്‍ ടൈം കൊളാബറേഷന്‍, സുരക്ഷിതമായ സന്ദേശക്കൈമാറ്റം തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, മറ്റ് ആപ്പുകള്‍ക്ക് സാധിക്കാത്ത പലതും ഈ ആപ്പില്‍ കിട്ടും. വാണിജ്യ ആവശ്യങ്ങള്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ഇത് നിശ്ചയമായും പരീക്ഷിച്ചു നോക്കേണ്ടതുമാണ്.
∙വാട്‌സാപ്:വാട്‌സാപ് വേണ്ടന്നുവച്ചിട്ട് പകരം ടെലഗ്രാം ഉപയോഗിക്കുന്നവരോട്, വാട്‌സാപ് ഒന്നു പരീക്ഷിക്കാം എന്നു പറയുന്നതു പോലും ശരിയല്ല. മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴിലാണ് ഇത് ഉള്ളത് എന്നതിനാലാണ് പലരും വാട്‌സാപ് വേണ്ടന്നുവയ്ക്കാനുള്ള കാരണം.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാട്‌സാപ്പല്‍ മെറ്റാ എഐയും വന്നുകൂടിയിട്ടുണ്ട്. ഇതിന്റെ ഐക്കണ്‍ വേണമെങ്കില്‍ ടേണ്‍ ഓഫ് ചെയ്യാമെങ്കിലും അതിന്റെ പ്രവര്‍ത്തനം പിന്നിൽ നടക്കുമെന്നും, അതുനിറുത്താനുള്ള ഒരു ഓപ്ഷനും മെറ്റാ ഇപ്പോഴും തന്നിട്ടില്ലെന്നും സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. എന്തൊക്കെയാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ വാട്‌സാപ്പിന്റെ കീര്‍ത്തിക്ക് ഒരു കുറവുമില്ല. ടെലഗ്രാം ഉപയോക്താക്കള്‍ക്ക് വാട്‌സാപ് വേണമെങ്കില്‍ ഒന്നുകൂടെ പരിക്ഷിക്കാം.