∙ താജ് മഹൽ
പ്രണയത്തിന്റെ പ്രതീകമായ താജ് മഹൽ സന്ദർശിക്കുന്നവരുടെ കണക്കെടുത്താൽ ചിലപ്പോൾ സ്വദേശികളെക്കാൾ വിദേശികളായിരിക്കും കൂടുതലെന്നാണു പറയുന്നത്. ഏകദേശം 70 ലക്ഷം പേരെങ്കിലും ഓരോ വർഷവും താജ് മഹൽ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. വിദേശികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ആഗ്രയിൽ യമുനാ നദീതീരത്തു സ്ഥിതിചെയ്യുന്ന ഈ വെണ്ണക്കൽ അദ്ഭുതം.
∙ അമൃത്സർ, പഞ്ചാബ്
സിഖുകാരുടെ നാലാമത്തെ ഗുരുവായ ഗുരു രാംദാസ് പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിച്ച പൈതൃക നഗരമായ അമൃത്സർ ഇന്ത്യയിലെ ഏറ്റവും ആത്മീയ പ്രാധാന്യമുള്ളതും ചരിത്രപരമായി സമ്പന്നവുമായ നഗരങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും ശാന്തവും വിനയാന്വിതവുമായ കാഴ്ചയാണ് അമൃത്‌സറിലെ സുവർണ ക്ഷേത്രം. ഇന്ത്യയുടെ ചരിത്രത്തിൽ അമൃത്സറിന് വളരെ സവിശേഷമായ സ്ഥാനമുണ്ട്. മതപരമായ ലക്ഷ്യസ്ഥാനങ്ങൾ, സാംസ്കാരിക പൈതൃകം, ഇന്ത്യയുടെ ദേശീയ അഖണ്ഡത, ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം എന്നിവയുടെ കാര്യത്തിൽ ഈ നഗരം ഒരു പ്രധാന നാഴികക്കല്ലാണ്. സുവർണ്ണ ക്ഷേത്രത്തിൽ മാത്രം ഒരു ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ ദർശനം നടത്തുന്നുണ്ടെന്നാണു കണക്ക്. ഇന്ത്യാ സന്ദർശനത്തിൽ വിദേശസഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാത്തയിടമാണ് സുവർണ ക്ഷേത്രവും അമൃത്സറും.
∙ ജയ്പൂർ
ഏറ്റവുമധികം പേർ സന്ദർശനം നടത്തുന്ന മറ്റൊരു തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രമാണ് ജയ്പൂർ. ഒരു നാടു തന്നെ മുഴുവനായി സഞ്ചാരകേന്ദ്രമായി മാറിയ കാഴ്ചയാണിവിടെ. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റടക്കം അനേകമനേകം കാണാനും അനുഭവിച്ചറിയാനുമുണ്ടിവിടെ. പല വിദേശ സെലിബ്രിറ്റികളുടെയടക്കം ഇഷ്ട ഡെസ്റ്റിനേഷനായ ജയ്പൂരിലെ, ഹവാ മഹലും, അമേർ ഫോർട്ടുമടക്കം ഒട്ടനവധി കോട്ടകളും കൊട്ടാരങ്ങളും ആരേയും ആകർഷിക്കും വിധം തലയുയർത്തി നിൽക്കുന്നു. ഏകദേശം 30 ലക്ഷം പേരെങ്കിലും ഓരോ വർഷവും ജയ്പൂരിലെത്തുന്നുണ്ടെന്നാണു കണക്ക്. അതിൽ വിദേശ സഞ്ചാരികളുടെ എണ്ണം അനിയന്ത്രിതമാണ്.
∙ ഗോവ
ഒരർഥത്തിൽ ഗോവ ശരിക്കും വിദേശികളുടെ നാടാണെന്നു പറയാം. ഇവിടെ മുക്കിലും മൂലയിലും നമുക്ക് വിദേശികളുടെ സാന്നിധ്യമറിയാം. ഏറ്റവുമധികം വിദേശികൾ സന്ദർശനം നടത്തുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നു ഗോവയാണ്. ഈ സംസ്ഥാനം മുഴുവൻ വിദേശികളുടെ വരവിനെ ആശ്രയിച്ചാണെന്നു പറയേണ്ടിവരും. വിദേശ സഞ്ചാരികളെ ആശ്രയിച്ചാണ് ഇവിടുത്തെ ടൂറിസവും ബിസിനസുമെല്ലാം. 100 കിലോമീറ്ററിലധികം വരുന്ന കടലോരപ്രദേശങ്ങൾ ഉള്ളതിനാൽ എല്ലാ സമയത്തും ഇവിടെ സന്ദർശകരുടെ തിരക്കാണ്. ഏകദേശം 25 ലക്ഷത്തിലധികം സന്ദർശകരെ ഓരോ വർഷവും സ്വാഗതം ചെയ്യുന്ന ഗോവ, ബീച്ച് പാർട്ടികൾക്കും പബുകൾക്കും തിരക്കുകുറഞ്ഞതും ശാന്തസുന്ദരവുമായ ചെറു കടലോരങ്ങൾക്കും പേരുകേട്ടതാണ്
∙ കേരളം
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ഒരു യാത്രയില്ലാതെ ഒരു വിദേശിയുടേയും ഇന്ത്യൻ സന്ദർശനം പൂർത്തിയാകില്ല. ഒരു കാലത്ത് ഹൗസ് ബോട്ടുകളും മൂന്നാറും മാത്രം തേടിവന്നിരുന്ന വിദേശസന്ദർശകർ ഇന്ന് കേരളത്തെ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. നമ്മുടെ നാടൻ ഭക്ഷണങ്ങൾ രുചിച്ചറിയാനും നാട്ടിൻപുറങ്ങൾ അടുത്തറിയാനും ഓരോ വർഷവും ആയിരക്കണക്കിനു വിദേശികളാണ് എത്തുന്നത്. വർഷാവർഷം കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവും ഉണ്ടാകുന്നുണ്ട്. വിനോദസഞ്ചാര മേഖലയെ പ്രചോദിപ്പിക്കുന്നതിനായി സർക്കാരും നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. കൊച്ചിയും ആലപ്പുഴയും ഇടുക്കിയുമെല്ലാം ഇന്ന് അനേകം വിദേശ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളാണ്
∙ വാരണാസി
ആകാശത്തിലേക്കുയരുന്ന പ്രാർത്ഥനാമന്ത്രങ്ങളും ചന്ദനത്തിരിയുടെ സുഗന്ധവും നമ്മളെ മാത്രമല്ല, ലക്ഷക്കണക്കിന് വിദേശികളേയും വാരണാസിയുടെ മണ്ണിലേക്ക് ആകർഷിക്കുന്നുണ്ട്. അതിരാവിലെ നടക്കുന്ന ഗംഗാ ആരതി കാണാൻ മാത്രമെത്തുന്നവരുണ്ടെന്നാണു കണക്കുകൾ പറയുന്നത്. ഇന്ത്യയുടെ ആത്മിയ തലസ്ഥാനമാണെങ്കിലും ഏറ്റവുമധികം സഞ്ചാരികൾ സന്ദർശനം നടത്തുന്ന തിരക്കേറിയ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ് വാരണാസി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നായ വാരണാസിയിൽ ഒരു വർഷം മാത്രം 3 മില്യണിലധികം പേർ ദർശനത്തിനെത്തുന്നുണ്ട്.
∙ ഹിമാലയം
ട്രെക്കിങ്, ഹൈക്കിങ് പോലെയുള്ള സാഹസീക പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്ന വിദേശയാത്രികരിലധിവും ഹിമാലയം തിരഞ്ഞെടുക്കുന്നു. ബേസ് ക്യാംപും മറ്റു മലനിരകളുമെല്ലാം അതുകൊണ്ട് തന്നെ നമ്മളേക്കാൾ കൂടുതൽ വിദേശികളാണ് കീഴടക്കുന്നത് എന്നു പറയേണ്ടിവരും. ഓരോ വർഷവും ഹിമാലയത്തിലെത്തുന്ന വിദേശ സഞ്ചാരികൾ ആയിരക്കണക്കിനാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ പ്രദേശങ്ങളെല്ലാം വിദേശസഞ്ചാരികളെക്കൊണ്ട് ഓരോ വർഷവും നിറയുന്ന കാഴ്ചയാണ്. ഇടതൂർന്ന വനം മുതൽ സമൃദ്ധമായ താഴ്‌വരകൾ വരെ, ഉഷ്ണമേഖലാ കാടുകൾ മുതൽ ശക്തമായ കുന്നുകൾ വരെ, വിവിധ ഇനം സസ്യജന്തുജാലങ്ങൾ മുതൽ റൊമാൻറിക് കാലാവസ്ഥ വരെ, ഹിമാലയൻ പർവ്വതനിരകളിൽ എല്ലാമുണ്ട്.