തലച്ചോറിനെ കാര്‍ന്ന്‌ തിന്നുന്ന അമീബ. മരണനിരക്ക് ഉയരാതെ കേരളം വരുതിയില്‍ നിര്‍ത്തി……

തലച്ചോറിനെ കാര്‍ന്ന്‌ തിന്നുന്ന അമീബ. മരണനിരക്ക് ഉയരാതെ കേരളം വരുതിയില്‍ നിര്‍ത്തി……

തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബ എന്ന്‌ പൊതുവേ അറിയപ്പെടുന്ന അപൂര്‍വമായ പ്രൈമറി അമീബിക്‌ മെനിഞ്ചോഎന്‍സെഫലിറ്റിസിന്റെ മരണ നിരക്ക്‌ ആഗോള തലത്തില്‍ 97 ശതമാനം ആണ്‌. എന്നാല്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും കേരളത്തില്‍ ഈ രോഗത്തിന്റെ മരണ നിരക്ക്‌ 26 ശതമാനം.

കേരളത്തിലെ വൈദ്യശാസ്‌ത്ര സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും ജാഗ്രത, തീവ്ര സ്വഭാവത്തിലുള്ള അന്വേഷണങ്ങള്‍, പൊതുജനാരോഗ്യ സംവിധാനം പിന്തുടരുന്ന സ്റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ നടപടിക്രമങ്ങള്‍ എന്നിവയാണ്‌ ഇതിന്‌ പിന്നിലെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്‌.
വെള്ളത്തിലും മണ്ണിലും കാണപ്പെടുന്നതും മൂക്കിലൂടെ കയറി തലച്ചോറിനെ ബാധിക്കുന്നതുമായ നെഗ്ലേരിയ ഫൊലേരി എന്ന അമീബയാണ്‌ അമീബിക്‌ മെനിഞ്ചോഎന്‍സെഫലിറ്റിസിന്‌ കാരണമാകുന്നത്‌. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്‌ നിയമസഭയില്‍ സമര്‍പ്പിച്ച ഡേറ്റ അനുസരിച്ച്‌ 2024ല്‍ 29 പിഎഎം കേസുകളാണ്‌ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ അഞ്ച്‌ പേര്‍ മരണപ്പെട്ടു. 2016നും 2023നും ഇടയില്‍ വെറും എട്ട്‌ കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ്‌ ഈ വര്‍ഷം ഇത്‌ വരെ 29 കേസുകള്‍ രേഖപ്പെടുത്തിയത്‌. ആറ്‌ ജില്ലകളില്‍ പിഎഎം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതില്‍ 15 കേസുകളും തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്‌ നിന്നാണ്‌. കേരളത്തില്‍ പിഎഎം ബാധിക്കപ്പെട്ട 29ല്‍ 24 പേരും രോഗമുക്തി നേടി. യുഎസ്‌ സെന്റേര്‍സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 1962നും 2023നും ഇടയില്‍ അമേരിക്കയില്‍ 164 പിഎഎം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതില്‍ രോഗത്തെ അതിജീവിച്ചത്‌ വെറും നാല്‌ പേരാണ്‌.

ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന പിഎഎം കേസുകളില്ലെല്ലാം ആദ്യമൊക്കെ രോഗികള്‍ മരണപ്പെട്ട്‌ കൊണ്ടേയിരിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ കോഴിക്കോട്‌ ജില്ലയിലെ തിക്കൊടിയില്‍ നിന്നുള്ള 14 വയസ്സുകാരന്‍ അഫാനന്‍ ജാസിം രോഗമുക്തി നേടി. ലോകത്തിലെ തന്നെ 11-ാമത്‌ പിഎഎം രോഗമുക്തനാണ്‌ അഫാനന്‍.

ജൂലൈയിലാണ്‌ കേരളം അമീബിക്‌ മെനിഞ്ചോഎന്‍സഫലൈറ്റിസ്‌ കേസുകള്‍ക്കായി പ്രത്യേക ചികിത്സ പ്രോട്ടോകോളും സ്‌റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ നടപടിക്രമങ്ങളും പ്രഖ്യാപിക്കുന്നത്‌. ഇത്തരത്തില്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ്‌ കേരളം. പിഎഎം നിയന്ത്രണത്തിനും രോഗനിര്‍ണ്ണയത്തിനും ചികിത്സയ്‌ക്കുമായി കേരളത്തിലെ ആരോഗ്യ വകുപ്പ്‌ പ്രഖ്യാപിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ അമീബയ്‌ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പോരാട്ടത്തില്‍ വഴിത്തിരിവായെന്ന്‌ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *